ആൽബർട്ടയിലെ ബാറുകൾക്കും റെസ്റ്റോറൻ്റുകൾക്കും ഇനി മുതൽ രാവിലെ ആറ് മണി മുതൽ മദ്യം നൽകാൻ അനുമതി. ആൽബർട്ട ഗെയിമിംഗ്, ലിക്കർ ആൻഡ് കനാബിസ് കമ്മീഷൻ (AGLC) പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മുൻകൂട്ടി പ്രത്യേക അനുമതി വാങ്ങാതെ തന്നെ രാവിലെ മുതൽ മദ്യവിതരണം ആരംഭിക്കാവുന്നതാണ്. മുൻപ് ഒളിമ്പിക്സ്, കാല്ഗരി സ്റ്റാമ്പീഡ് തുടങ്ങിയ വൻകിട കായിക-സാംസ്കാരിക മേളകളുടെ സമയത്ത് രാവിലെ 9 മണിക്ക് മുൻപ് മദ്യം വിളമ്പാൻ പ്രത്യേക അനുമതി ആവശ്യമായിരുന്നു. എന്നാൽ ഇത്തരം അപേക്ഷകൾ പ്രവിശ്യാ ഭരണകൂടത്തിനും ബിസിനസ്സ് ഉടമകൾക്കും വലിയ രീതിയിലുള്ള പേപ്പർ ജോലികൾക്കും സമയനഷ്ടത്തിനും കാരണമാകുന്ന പശ്ചാത്തലത്തിലാണ് ഈ ചുവപ്പുനാട ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചത്.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ബിസിനസ്സ് മേഖലയ്ക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കരണമെന്ന് മന്ത്രി ഡെയ്‌ൽ നാലി വ്യക്തമാക്കി. വരാനിരിക്കുന്ന ഫിഫ ലോകകപ്പ് ഉൾപ്പടെയുള്ള വലിയ മത്സരങ്ങൾ പുലർച്ചെ തത്സമയം കാണാൻ എത്തുന്ന കായിക പ്രേമികൾക്കും, ബ്രേക്ക്ഫാസ്റ്റ് മെനുവിനൊപ്പം മദ്യം ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്കും ഈ തീരുമാനം ഏറെ പ്രയോജനം ചെയ്യും. അതേ സമയം, പ്രവർത്തന സമയം പുലർച്ചെ ആറ് മണി മുതൽ അനുവദിച്ചെങ്കിലും നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ എ.ജി.എൽ.സി ശക്തമായ നിരീക്ഷണം തുടരുമെന്ന് കമ്മീഷൻ വക്താക്കൾ അറിയിച്ചു. നിലവിൽ പുലർച്ചെ മൂന്ന് മണി വരെയാണ് ഇവിടുത്തെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളത്.